കർത്താവിൽ പ്രിയരേ,
പരിശുദ്ധമായ വലിയ നോമ്പിനു ശേഷം സ്വർഗ്ഗാരോഹണ പെരുന്നാളും അതിനു ശേഷമുള്ള 10 ദിവസങ്ങൾ കാത്തിരിപ്പിന്റെ ദിവസങ്ങളായും ശേഷം പെന്തിക്കൊസ്തി പെരുന്നാളായിട്ടും പരിശുദ്ധ സഭ ക്രിമീകരിച്ചിരിക്കുകയാണ്. കാത്തിരിപ്പിന്റെ ദിവസങ്ങളിൽ വി. ശ്ലീഹന്മാർ പരിശുദ്ധത്മാവിന്റെ വരങ്ങൾക്കായി പ്രാർത്ഥിച്ചു കാത്തിരുന്നതു പോലെ നാമും ഈ ദിവസങ്ങൾ ഏറെ പ്രാധാന്യത്തോടെ വിശുദ്ധിയോടും പ്രാർത്ഥനയോടും കൂടി ആചരിക്കണം. ..
അപ്പൊ. പ്രവർത്തികൾ രണ്ടാം അധ്യായത്തിൽ പെന്തിക്കൊസ്തിനാളുകളെ കുറിച്ച് വി. വേദപുസ്തകം നമ്മെ സാക്ഷീകരിക്കുന്നു. പെന്തിക്കൊസ്തി പെരുന്നാൾ ആചരിക്കുമ്പോൾ പരിശുദ്ധത്മാവിനായി നാം കാത്തിരിക്കേണം ... ഒരുക്കപ്പെടേണം... പുതുക്കപ്പെടേണം...
സങ്കീർത്തനകാരൻ പാടുന്നതുപോലെ നിർമലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ചു, സ്ഥിരമായ ഒരത്മാവിനെ എന്നിൽ പുതുക്കേണമേയെന്ന പ്രാർത്ഥനയോടെ അതിനായി ഏവരും വിശുദ്ധിയോടെ ഒരുങ്ങി ആ പെരുന്നാൾ ആചരിക്കുവാൻ സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ശിഷ്യന്മാരുടെ മുൻപോട്ടുള്ള ജീവിത പ്രയാണങ്ങളെ ശക്തിപ്പെടുത്തിയ പരിശുദ്ധ റൂഹ, നമ്മുടെ ജീവിത പ്രതിസന്ധികളിലും ബലഹീനതകളിലും നമ്മെയും ശക്തിപ്പെടുത്തട്ടെയെന്നും ആശംസിച്ചുകൊണ്ട്, ഏവർക്കും നന്മകൾ നേർന്നുകൊണ്ട്...
എൽദോ അച്ചൻ
വികാരി