ദൈവതിരുനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ!
കർത്താവിൽ പ്രിയരേ
ലോകത്തിന്റെ വെളിച്ചമായവൻ അന്ധകാര ശക്തികളെയും മരണത്തെയും തോൽപിച്ചു മഹത്വത്തോടെ ഉത്ഥിതനായതിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഉയിർപ്പ് പെരുന്നാൾ കൊണ്ടാടുമ്പോൾ നാമും വിശുദ്ധമായ നോമ്പാചരണത്തിലൂടെയും വിശുദ്ധ വാരാചരണത്തിലൂടെയും അരുമനാഥന്റെ സഹനങ്ങളോട് താദാത്മ്യപ്പെട്ടുകൊണ്ട് ഇപ്പോൾ അവിടുത്തെ പുനരുത്ഥാനത്തിന്റെ സാക്ഷികൾ ആയി അവൻ സത്യമായും ഉയിർത്തെഴുന്നേറ്റിരിക്കുന്നുവെന്ന വിശ്വാസപ്രഖ്യാപനവും നടത്തിയിരിക്കുകയാണല്ലോ. ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ തങ്ങളുടെ ഗുരുനാഥന്റെ മൃതശരീരം കാണുവാൻ ആഗ്രഹിച്ച് അവന്റെ കല്ലറയ്ക്കൽ ആകുലതയോടെ എത്തിച്ചേർന്ന സ്ത്രീജനങ്ങൾ കല്ലറവാതിൽ മൂടിയിരുന്ന വലിയ പാറ മാറ്റപ്പെട്ടിരിക്കുന്നതും കല്ലറ ശൂന്യമായിരിക്കുന്നതും കണ്ടുവെന്നു നാം വായിക്കുന്നു. അതേ, യേശുതമ്പുരാനെ കാണാൻ യഥാർത്ഥമായി നാം ആഗ്രഹിക്കുമ്പോൾ നമുക്ക് മുന്നിലുള്ള സകല പ്രതിബന്ധങ്ങളും മാറിപ്പോകും. അവൻ സകല അന്ധകാരത്തെയും അകറ്റി നമ്മെ പ്രകാശത്തിലേയ്ക്ക് നയിക്കും. ഈ ഉയിർപ്പ് പെരുന്നാൾ നമുക്ക് അവനെ ദർശിക്കുവാൻ യഥാർത്ഥമായി ആഗ്രഹിക്കാം. അവൻ നമ്മുടെ ഹൃദയവാതിൽക്കൽ നിന്നു മുട്ടുന്നുണ്ട്. ഉൾകാതുകളാൽ ആ വിളി കേട്ട് വാതിൽ തുറന്ന് - ഉൽക്കണ്ണുകളാൽ അവനെ കണ്ട് - ഉൾക്കാമ്പിൽ അവനെ സ്വീകരിച്ച് മറ്റുള്ളവർക്ക് സാക്ഷീകരിക്കുവാൻ ഈ പെരുന്നാൾ ദിനം സംഗതിയാകട്ടെ! ഒപ്പം തന്നെ, എല്ലാവർക്കും ഏറ്റവും സന്തോഷകരമായ- അനുഗ്രഹകരമായ - സമാധാനപൂർണ്ണമായ ഒരു ഈസ്റ്റർ ആശംസിക്കുകയും ചെയ്യുന്നു 💐💐💐.
പ്രാർത്ഥനയോടെ,
വികാരി
Fr ഗീവർഗീസ് മാത്യു
സഹവികാരി
Fr മാത്യു ജോൺ
🙏